സ്വയം പ്രകാശിക്കുന്ന പുസ്തകങ്ങള്‍

സ്വയം പ്രകാശിക്കുന്ന പുസ്തകങ്ങള്‍

പഴയ നാട്ടിന്‍പുറക്കല്യാണങ്ങള്‍ക്കൊക്കെ സൗമ്യമായി അലയടിക്കുന്ന ഒരു സന്തോഷത്തിന്റെ കെട്ടുപാടും ഐക്യവും ഒക്കെയുണ്ടായിരുന്നു. ഗ്രാമവാസികള്‍ എല്ലാരും ഉത്സാഹിച്ചിട്ടാണ് പന്തല്‍കെട്ടലും സദ്യവട്ടങ്ങളൊരുക്കലും വിളമ്പലുമൊക്കെ. ഒരു കല്യാണം എന്നുപറഞ്ഞാല്‍ ഒരു ഗ്രാമത്തിന്റെ ഉത്സവം. കുഞ്ഞുകുട്ടി പരാധീനങ്ങളടക്കം എല്ലാപേരും അണിഞ്ഞൊരുങ്ങി വരും. ഒന്നോ രണ്ടോ ദിവസം മുഴുവന്‍ അങ്ങനെ ആര്‍പ്പും ആഘോഷവുമായി കഴിയും. 


നേരം പോകുന്നത് അറിയില്ല. അങ്ങനെ കല്യാണം കൂടിയാല്‍ രണ്ടുണ്ടു കാര്യം. കല്യാണം കാണാം. വധൂവരന്മാരെ പൂക്കളെറിഞ്ഞ് ആശംസിക്കാം. ചിരകാലമായി അടുത്തുകാണാന്‍ കഴിയാതിരുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം മുട്ടിയുരുമ്മി നടക്കാം. വിശേഷങ്ങള്‍ പറയാം, കേള്‍ക്കാം. ആ ദിവസം ധന്യം. അതുപോലൊരു ധന്യതയാണ് ഞാന്‍ ഈ മംഗളമുഹൂര്‍ത്തത്തിലും അറിഞ്ഞനുഭവിക്കുന്നത്. ആചാര്യ ശ്രീ. രാജേഷിന്റെ പുസ്തകപ്രകാശനത്തില്‍ പങ്കുചേരാം. വിജയം ആശംസിക്കാം. പുസ്തകനാഥനായ ആചാര്യശ്രീയൊടൊപ്പം ചടങ്ങില്‍ പങ്കെടുക്കുന്ന പ്രഗത്ഭമതികളെ കാണുകയും അവരോടൊത്ത് ഇരിക്കുകയും ചെയ്യാം. 


എന്തായാലും മഹാകവി വള്ളത്തോള്‍ ഒരു 'തോണിയാത്ര' യില്‍ പറഞ്ഞുവെച്ചതുപോലെ, ഗ്രന്ഥങ്ങള്‍ ആചാര്യശ്രീ രാജേഷിന്റേത്. പ്രകാശംകാണുന്ന മണ്ണ് തുഞ്ചത്താചാര്യന്റേത്. പ്രകാശിപ്പിക്കുന്നത് ഭാരത
ത്തിന്റെ തമസ്‌കരിക്കപ്പെട്ട ചരിത്രസത്യങ്ങളെ ജ്യോതിസ്സിലേക്കു നയിച്ച് വെളിപ്പെടുത്തിയ ശ്രീ. മുഹമ്മദു സാര്‍. കണ്‍കുളിരെ  കണ്ടുനിറയാന്‍ നമ്മളെല്ലാവരും. ആനന്ദലബ്ധിക്ക് ഇനി എന്തുവേണം എന്നതാണ് അവസ്ഥ.


വിവേകികളും സംയമികളുമായ പൂര്‍വികര്‍, വിശക്കുന്നവരോട് ആയുധമെടുക്കാനല്ല പറഞ്ഞത്. 'ഹേ, വിശക്കുന്ന മനുഷ്യാ! നീ പുസ്തകം കൈയിലെടുക്കൂ' എന്നാണ്. പുസ്തകം അറിവാണ്. അറിവ് ജീവിതപ്രതിസന്ധി
കളെ പൊരുതിജയിക്കാനുള്ള ആയുധമാണ്.


തിരുക്കുറള്‍ പറയുന്നു - 'ചെവിക്കു ഉണവില്ലാത പോത് ചിറിതു വയിറ്റിക്കും ഈയപ്പടും' എന്ന്.


സ്വത്വം ആരോഗ്യകരമായി പരിരക്ഷിക്കണമെങ്കില്‍, സമൂഹത്തില്‍ അംഗീകാരം നേടി നിലനില്‍ക്കണമെങ്കില്‍, നിങ്ങള്‍ കാതിലൂടെയാണ് ഭക്ഷണം കഴിക്കേണ്ടത്. അതെങ്ങനെ? നല്ല നല്ല കാര്യങ്ങള്‍ കേട്ടറിയണം. സത്യം ഉള്‍ക്കൊള്ളണം. സത്സംഗങ്ങളിലൂടെ അതു സാധിക്കും. 'ദുഷ്ടസംസര്‍ഗമില്ലാതെയാക്കീടണം' എന്ന് ഒരു പ്രാര്‍ഥനയില്‍ കേട്ടത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവുമല്ലോ.


അപ്പോള്‍, കേട്ടറിവ്, കണ്ടറിവ്, അനുഭവിച്ചറിവ്, വായിച്ചറിവ്, അന്വേഷിച്ചറിവ് ഇതൊക്കെയാണ് വ്യക്തിത്വവികസനത്തിനു വേണ്ട ഭക്ഷണം. അല്ലാതെ ബീഫും മട്ടണും ചിക്കനും ബിരിയാണിയും ചപ്പാത്തിയുമൊന്നുമല്ല. പുസ്തകങ്ങള്‍ അതിനൊക്കെയുള്ള ഗുരുകുലവാതില്‍ തുറന്നുതരുന്നു.





നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് എന്താ ചെറിയ ആളായിരുന്നോ? അദ്ദേഹം എന്താണു പറഞ്ഞത്? 'ഒരു ഭരണാധികാരിയായിരുന്നില്ല ഞാനെങ്കില്‍, തീര്‍ച്ചയായും ഞാന്‍ ഒരു ഗ്രന്ഥപ്പുര സൂക്ഷിപ്പുകാരനായേനെ' എന്നാണ്. 'കാന്താ സമ്മിതതയാ' - ഒരു കാന്തയെപ്പോലെ, കാവ്യം ഒരുവനെ ഉപദേശിച്ച് ശുദ്ധീകരിക്കുന്നു എന്നതാണ് പണ്ടേയുള്ള കണ്ടെത്തല്‍. വ്യക്തികള്‍ മരിക്കും. പുസ്തകങ്ങള്‍ക്കു മരണമില്ല. ഇതിഹാസ പുരാണങ്ങള്‍ക്കു മരണമില്ല. ജീവിതനിരീക്ഷകരും ധര്‍മോപദേഷ്ടാക്കളുമായ കവികള്‍ക്കു മരണമില്ല. മഹാകവി കാളിദാസന്റെ ചരമദിനം എന്നാണ്? ആര്‍ക്കുമറിയില്ല. അക്കൂട്ടര്‍ക്കൊന്നും മരണമില്ല.

വ്യാസന്‍ ഇതിഹാസ പുരാണങ്ങള്‍ എഴുതി. അതിലെല്ലാം കൂടി ആകെ രണ്ടുകാര്യങ്ങള്‍ മാത്രമേ എടുത്തുപറഞ്ഞുള്ളൂ.


'പരോപകാരമേ പുണ്യം

പാപമേ പരപീഡനം!'

അന്യര്‍ക്കു വല്ല ഉപകാരവും ചെയ്യാനുള്ള സന്മനസ്സ് നിങ്ങള്‍ക്കുണ്ടായാല്‍, അങ്ങനെ ചെയ്താല്‍ അതുതന്നെയാണ് പുണ്യം. മറിച്ച് അന്യരെ ദ്രോഹിക്കുന്ന പ്രവൃത്തികളിലാണ് നിങ്ങള്‍ക്കു മനസ്സു ചെല്ലുന്നതെങ്കില്‍ അതാണ് പാപം.

ഇതിഹാസങ്ങള്‍ രചിച്ച വ്യാസനു മരണമില്ല. അദ്ദേഹംതന്നെ അതു സാക്ഷ്യപ്പെടുത്തുന്നു. ഏഴു ചിരഞ്ജീവികളില്‍ ഒരാളായി അദ്ദേഹം സ്വയം പ്രതിഷ്ഠിച്ചിരിക്കുന്നു. വരുംതലമുറയ്ക്കുവേണ്ടി മുന്‍തലമുറയുടെ ജീവിതേതിഹാസം വ്യാഖ്യാനിക്കുന്നവന് നിത്യതയ്ക്ക് അവകാശമുണ്ട്.

'അശ്വത്ഥാമാ ബലിര്‍ വ്യാസോ

ഹനൂമാം ച വിഭീഷണഃ

കൃപഃ പരശുരാമൈശ്ച

സപ്‌തൈതേ ചിരജീവിന'

ഈ ഏഴു പേരുമാണ് ചിരഞ്ജീവികള്‍. അഥവാ, ഈ ഏഴു ഭാവങ്ങള്‍ ലോകാവസാനം വരെ നിലനില്‍ക്കും 
എന്നര്‍ത്ഥം. 

പക്ഷേ, എഴുതിവെച്ചിട്ട് എന്തുകാര്യം? തുറന്നുനോക്കാന്‍ ആളുവേണ്ടേ? പറഞ്ഞുകൊടുത്തിട്ട് എന്തു കാര്യം? കേള്‍ക്കാന്‍ കാതുള്ളവര്‍ വേണ്ടേ? കാണിച്ചുകൊടുത്തിട്ട് എന്തു കാര്യം? കാണാന്‍ കണ്ണുള്ളവര്‍ വേണ്ടേ?

മഹാഭാരതമെഴുതി പൂര്‍ത്തീകരിച്ചിട്ട് ഭഗവാന്‍ വേദവ്യാസന്‍ പറഞ്ഞു: 'ലോകത്തുള്ളതെല്ലാം ഇതിലുണ്ട്. ഇതിലില്ലാത്തത് മറ്റെവിടെയും ഇല്ല!'

ശരി, ആ മഹാഭാരതം എത്രപേര്‍ ഉള്‍ക്കൊണ്ടു? പ്രതീക്ഷ വെടിഞ്ഞ് വ്യാസന്‍തന്നെ സങ്കടം പറഞ്ഞു. 'ഊര്‍ദ്ധ്വബാഹുര്‍ വിരൗമേ്യഷ്യ' എന്നു തുടങ്ങുന്ന ശ്ലോകം അതിനു സാക്ഷി. വ്യാസന്‍ പറഞ്ഞു-'നീണ്ട നിഴലുകള്‍ പരന്ന ഈ ഇരുണ്ട ഭൂമിയില്‍ ഒറ്റക്കാലില്‍നിന്നുകൊണ്ട്, ഇരുകൈകളും ഉയര്‍ത്തി, ഞാനിതൊക്കെ ഉറക്കെ വിളിച്ചുപറയുന്നു. പക്ഷേ, ആരും ഇതൊന്നും കേള്‍ക്കുന്നില്ലല്ലോ!'

- ഇല്ല. കേള്‍ക്കില്ല. അതാണ് നാള്‍ക്കുനാള്‍ അധഃപതിച്ച് സ്വയം അടിമത്തം വരിക്കാന്‍ വിധിക്കപ്പെട്ട ഒരു ജനവിഭാഗത്തിന്റെ വിധി.




നമ്മുടെ തലമുറയിലെ ഭൂരിപക്ഷം ഒരേ സ്വരത്തില്‍ ഇന്നും പറയുംപോലെ, 'എന്നെ തല്ലണ്ടമ്മാവാ, ഞാന്‍ നന്നാവില്ല' എന്നു ശാഠ്യം പിടിച്ച ഒരു മുന്‍തലമുറ നമുക്കുണ്ടായിരുന്നോ? അവര്‍ തന്നെയല്ലേ എല്ലാം ഇന്ന് ഈ പതനത്തില്‍ എത്തിച്ചതിനു കാരണക്കാര്‍?

സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ ഗവര്‍ണ്ണര്‍ ജനറലും പില്‍ക്കാലത്ത് തമിഴകമുഖ്യമന്ത്രിയുമൊക്കെയായിരുന്ന സര്‍. സി. രാജഗോപാലാചാരി എന്ന രാജാജിയോട് അദ്ദേഹത്തിന്റെ ഒരു ബന്ധു ഒരിക്കല്‍ ചോദിച്ചു: 'രാജാജീ, നിത്യേനയുണ്ടാകുന്ന നിരവധിയായ ഭരണപ്രതിസന്ധികളെ അങ്ങ് ഒരൊറ്റ ദിവസംകൊണ്ട്, തീര്‍ത്തും അനായാസമായി പരിഹരിക്കുന്നുണ്ടല്ലോ! അതെങ്ങനെ സാധിക്കുന്നു?'

രാജാജി പറഞ്ഞു: 'എല്ലാ രാത്രിയും, ഉറങ്ങുന്നതിനുമുമ്പ്, കുറേനേരം ഞാന്‍ മഹാഭാരതം എടുത്തുമറിച്ചുനോക്കും. നമ്മുടെ മുമ്പിലുള്ള പ്രതിസന്ധിയ്ക്ക് ഒരു പരിഹാരം തീര്‍ച്ചയായും അതിലുണ്ടാവും. എന്റെ ജോലി എളുപ്പ
മാവും!' 

പുസ്തകം കൈകൊണ്ടു തൊടുന്ന ഒരു ഭരണാധികാരി ഉണ്ടെങ്കില്‍ നാടു രക്ഷപ്പെടും എന്ന് നിങ്ങള്‍ക്കു മനസ്സിലായില്ലേ?

ഭാരതം ഋഷിഭൂമിയാണ്. വേദഭൂമിയും ജ്ഞാനഭൂമിയും യജ്ഞഭൂമിയുമാണ്. ഇവിടെ ആത്മീയതയുടെ അനന്തശേഖരങ്ങളില്‍ നമ്മുടെ പൂര്‍വ പിതാമഹന്മാര്‍ കൂട്ടിവെച്ചത്, ധനധാന്യങ്ങളല്ല, അക്ഷരാര്‍ഥങ്ങളെ ജീവിതത്തിലേക്ക് ആവാഹിച്ച അനശ്വരങ്ങളായ ഗ്രന്ഥലക്ഷങ്ങളാ യിരുന്നു. നളന്ദയും തക്ഷശിലയുംപോലുള്ള വിശ്വകലാശാലകള്‍ പതിനായിരങ്ങള്‍ക്ക് പതിവായി അറിവിന്റെ പാല്‍പ്പായസം വിളമ്പി.

അപ്പോഴും നമ്മള്‍ പരസ്പരം പകയുടെ ആയുധങ്ങളേന്തി. അവിശ്രമം, അഹോരാത്രം തമ്മിലടിച്ചു ചിന്നിച്ചിതറി. ഒരു നിമിഷംപോലും നമ്മുടെ ആസ്തി എന്ത് എന്നു തിരിഞ്ഞുനോക്കാനുള്ള ക്ഷമ കാണിച്ചില്ല. ഒറ്റക്കെട്ടായിനിന്ന് ധര്‍മത്തെ വളര്‍ത്തി വലുതാക്കുവാനായിരുന്നില്ല നമുക്കു കമ്പം, തളര്‍ത്തി സ്വയം ഇല്ലാതാക്കുന്നതിലായിരുന്നു. നാട്ടുരാജ്യങ്ങള്‍ ശത്രുത പുലര്‍ത്തി. മേവാറും കനൗജും പരസ്പരം പൊരുതി. ജയസിംഹനും പൃഥ്വിരാജനും തമ്മിലടിച്ചു.

ഭാരതം ഒരുകാലത്തും ഒരു അന്യനാടിനെ അങ്ങോട്ടുചെന്ന് ആക്രമിച്ച ചരിത്രമില്ല. ആക്രമണങ്ങള്‍ സ്വയം ഏറ്റുവാങ്ങി തളര്‍ന്ന ചരിത്രമേയുള്ളൂ. പരസ്പരം ഐക്യപ്പെടുവാനല്ല, പക മൂത്ത് ചിന്നിച്ചിതറുവാനായി
രുന്നു നമുക്കു ധൃതി. മുട്ടനാടുകള്‍ തമ്മിലിടിച്ച് ചാവാന്‍ നില്‍ക്കെ, മൂക്കില്‍നിന്ന് ഇറ്റുവീഴുന്ന രക്തം നക്കിക്കുടിക്കുവാന്‍ തക്കംപാര്‍ത്ത് എത്തിയ കുറുനരികള്‍ മധ്യസ്ഥന്മാരായി. ഒത്തുതീര്‍പ്പുവ്യവസ്ഥയില്‍ അവറ്റയ്ക്ക് ആധിപത്യമേറി. വിദേശികളുടെ ഭരണം പൊടിപൊടിച്ചു. നമ്മള്‍ അടിമത്തത്തില്‍ അഭിരമിച്ചു. ക്രമേണ അതു നമുക്കൊരു ശീലമായി. അങ്ങനെ ആയിരം വര്‍ഷം കടന്നുപോയി. എന്നിട്ടും നമ്മുടെ നാടു ബാക്കിയാവുന്നു, നമ്മുടെ സംസ്‌കാരം നിലനില്‍ക്കുന്നു, നമ്മെ നയിക്കാന്‍ വെളിച്ചംകെടാതെ ചില ഗോപുരങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നു. എന്തുകൊണ്ട്? ഇതു ധര്‍മരാജ്യമായതുകൊണ്ട്. ഇത് ഭാരതമായതുകൊണ്ട്. 'ഭാസ്വത്തായതില്‍ രമിക്കുന്നനാട്' എന്ന വിശേഷണം നിലനില്‍ക്കുന്നതുകൊണ്ട്.




അപൂര്‍വവിജ്ഞാനങ്ങളുടെ കലവറകളായ താളിയോലഗ്രന്ഥപ്പുരകള്‍ മാസങ്ങളോളം അസഹിഷ്ണുതയുടെയും മതഭ്രാന്തിന്റെയും തീയില്‍ കത്തിയെരിഞ്ഞു ചാമ്പല്‍ക്കൂനകളായി. ക്ഷേത്രങ്ങളായ ക്ഷേത്രങ്ങള്‍ മുഴുവന്‍ തകര്‍ന്നടിഞ്ഞു മണല്‍ക്കൂമ്പാരങ്ങളായി. വസ്തുക്കളായ വസ്തുക്കള്‍ മുഴുവന്‍ വരത്തന്മാരുടെ സ്വത്തുക്കളായി. വാള്‍മുനയില്‍ പ്രാണഭയംകൊണ്ട് ലക്ഷോപലക്ഷങ്ങള്‍ മതം മാറി. കോഹിനൂര്‍ ഉള്‍പ്പെടെയുള്ള അമൂല്യരത്‌നസഞ്ചയങ്ങള്‍ കടത്തപ്പെട്ടു. പ്രലോഭനത്തിന്റെ വിഷത്തേന്‍ നൊട്ടിനുണഞ്ഞ് ഭാരതത്തിന്റെ ആത്മീയത മരിച്ചുതുടങ്ങി. അക്കാലത്താണ് ഒരു സ്വാമി വിവേകാനന്ദന്‍ ഉണ്ടായത്.

ഇവിടം അടക്കിഭരിച്ച ലോര്‍ഡ് മെക്കാളെ ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്കെഴുതി: 'റാണീ, ഈ നാട്ടില്‍ നമ്മുടെ പരിപാടികള്‍ അത്രയൊന്നും വേഗത്തില്‍ വിജയിക്കാന്‍ പോകുന്നില്ല. ജനങ്ങള്‍ ഒറ്റക്കെട്ടാണ്. ഐക്യവും അവരുടെ സംസ്‌കാരവും വിശ്വാസങ്ങളും ആചാരങ്ങളുമൊക്കെ കരിങ്കല്‍ക്കോട്ടപോലെ ഉറച്ചതാണ്. ഇവരെ തകര്‍ക്കാന്‍ കാലം ഒരുപാടു വേണ്ടിവരും. ക്രമേണ ഇവര്‍ക്കിടയില്‍ നമ്മുടെ വിദ്യാഭ്യാസം കുത്തിവെക്കണം. ക്രമേണ നമുക്കാവശ്യമുള്ള ഗുമസ്തന്മാരെയും അടിമകളെയും സൃഷ്ടിക്കണം. ഭാഷാപരമായ അവരുടെ ആഭിജാത്യവും അഭിമാനവുമെല്ലാം അങ്ങേയറ്റം അപമാനകരമാണെന്ന് അവര്‍ക്കുതന്നെ തോന്നണം. അതിനു കാലമെടുക്കും. കാത്തിരിക്കാം.'