യഥാര്‍ഥ ഭഗവദ്ഗീത ആചാര്യശ്രീ രാജേഷിലൂടെ

യഥാര്‍ഥ ഭഗവദ്ഗീത ആചാര്യശ്രീ രാജേഷിലൂടെ

പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഭാരതത്തില്‍ ശിഥിലചിന്തകളുടെ ഘോഷയാത്ര യായിരുന്നു. 'ഏകതാനബോധം' നഷ്ടപ്പെട്ടു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മിഥ്യാധാരണകളും കൊണ്ട് ഛിന്നഭിന്നമായിക്കൊണ്ടിരുന്ന അവസ്ഥയില്‍, ആത്മീയപരിവേഷത്തോടെ ധാരാളം പ്രവര്‍ത്തനമണ്ഡലങ്ങള്‍ ആവിര്‍ഭവിച്ചു. എന്നാല്‍, ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞ സ്വാമി ദയാനന്ദസരസ്വതിയാണ് 'വേദങ്ങളിലേക്ക് മടങ്ങുക' എന്ന് പ്രഖ്യാപനം നടത്തിയത്. ഭാരതീയ ജനത ആ വാക്കുകളെ ഉദ്ദേശിക്കുന്ന അര്‍ഥത്തില്‍ ഉള്‍ക്കൊള്ളുവാന്‍ എന്തുകൊണ്ടോ തയ്യാറായില്ല. അതിനു കാരണഭൂതമായത് വേദം സവര്‍ണാധിപത്യത്തിന്റെ രൂപരേഖ എന്ന് പ്രചരിപ്പിക്കപ്പെട്ടതാണ്.


ആയതിന് മനുസ്മൃതിയിലെ, മനു പറയാത്ത കാര്യം, പറയുന്നതായി വ്യാഖ്യാനിക്കപ്പെട്ടു. സ്മൃതികള്‍ പഴയകാലത്തെ ഇന്ത്യന്‍ പീനല്‍കോഡാണ്. പക്ഷേ, ദുര്‍വ്യാഖ്യാനം, സംസ്‌കൃതഭാഷാ പഠനവൈകല്യം ഇതെല്ലാം കാരണം, അതെല്ലാം വിവാദവിഷയങ്ങളായി, ജഡങ്ങളായി പരിണമിച്ചു.


എന്നാല്‍ ഇതൊന്നും, വേദത്തിന്റെ ജനിതഘടകങ്ങളല്ല. ഇതിന്റെയെല്ലാം പരിണിതഫലം വര്‍ണങ്ങള്‍ക്ക് അതീതമായി വേദാന്തം അനുവര്‍ത്തിക്കപ്പെട്ടു. വേദത്തിന്റെ അന്തമാണ് വേദാന്തം എന്നത് പിന്നീട് വ്യാഖ്യാനിക്കപ്പെട്ടില്ല. എന്നാല്‍ വേദത്തെക്കുറിച്ച് മനസ്സിലാക്കിയവര്‍, അത് സ്വകാര്യതയുടെ ഉള്ളറയില്‍ നിക്ഷേപിച്ചു.


'വിദ്' എന്ന ധാതുവില്‍നിന്നാണ് വേദം എന്ന വാക്ക് ഉരുത്തിരിഞ്ഞുവന്നത്. 'വിദ്' എന്നത് അറിവാണ്. ആ അറിവ്, തന്റെ പ്രവൃത്തിയില്‍ പകര്‍ത്തി, പ്രസ്തുത പ്രവൃത്തിയില്‍ ശക്തമാക്കുക, അതാണ് ഗീത - അതാണ് ഗീതോപദേശം. 18 പുരാണങ്ങളിലും അതത് ദേവന്റെ കഥകളില്‍, ഗീതയും വരുന്നുണ്ട്. അതിന് പ്രസ്തുത പുരാണത്തിന്റെ സാരസര്‍വസ്വം എന്നേ വിവക്ഷിക്കപ്പെടുന്നുള്ളൂ.


കര്‍മശാസ്ത്രത്തിന് ഭഗവാന്‍ മറ്റ് ഏതിനെക്കാളും പ്രാധാന്യം നല്‍കിയിട്ടുണ്ട്.


''പരിശ്രമം ചെയ്യുകിലേതിനെയും
കരത്തിലാക്കാം കഴിവുള്ള വണ്ണം
ദീര്‍ഘങ്ങളാം കൈകളെ നല്‍കിയത്രെ
മനുഷ്യനെ പാരിലയച്ചതീശ്വരന്‍.''


കര്‍മയോഗത്തിന് മറ്റ് ഏതൊരു ഭാഷ്യകാരന്മാരും നല്‍കിയതിനേക്കാള്‍ പ്രാധാന്യം, ആചാര്യശ്രീ തന്റെ ഭാഷ്യത്തില്‍ നല്‍കിയിട്ടുണ്ട്.


നാല് ആശ്രമങ്ങളെക്കുറിച്ച് വിവക്ഷിക്കപ്പെടുന്നതില്‍ ജ്യേഷ്ഠാശ്രമോഗൃഹി-എന്ന് ദേവീഭാഗവതത്തില്‍ ശുകബ്രഹ്മഋഷിയോട് പറയുന്നുണ്ട്. അതുപോലെ ''ആശ്രമാദ്, ആശ്രമം ഗഛേദ്''- ഒരു ആശ്രമത്തില്‍നിന്നും അടുത്ത ആശ്രമത്തിലേക്ക് കടക്കണം. വേദത്തില്‍ പരമപ്രധാനം ഗൃഹസ്ഥാശ്രമം തന്നെയാണ്. മറ്റ് ആശ്രമങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത ഗൃഹസ്ഥനാണ്. അതിനാല്‍ പ്രസ്തുത ആശ്രമത്തെ പരിപുഷ്ടമാക്കാന്‍, നിത്യനൈമിത്തിക കര്‍മങ്ങളിലേക്ക് നാം എത്തിച്ചേരണം. അതിനാല്‍ വേദരഹസ്യം- പരസ്യമായി മാനവഹൃദയങ്ങളിലെത്തണം.


ശ്രീമദ് ഭഗവദ്ഗീതയ്ക്ക് ധാരാളം വിവര്‍ത്തനങ്ങള്‍ ഭാരതത്തില്‍ ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് 'ജ്ഞാനേശ്വരി' ഗീതാഭാഷ്യത്തിന് ഒന്‍പത് മഹാരഥന്മാരായ വ്യക്തികള്‍ വ്യാഖ്യാനം നിര്‍വഹിച്ചിട്ടുണ്ട്. ജ്ഞാനേശ്വരി വ്യാഖ്യാതാവ് മൂന്നാം അധ്യായം 7-ാം ശ്ലോകത്തെ (''യസ്ത്വിന്ദ്രിയാണി.... സ വിശിഷ്യതേ.) വ്യാഖ്യാനിക്കുന്നത് ഇരുപത്തിയെട്ട് വരികള്‍കൊണ്ടാണ്. 8, 9 ശ്ലോകങ്ങള്‍ക്കും സ്ഥൂലാര്‍ഥത്തിലും ഭാവാര്‍ഥത്തിലും അതില്‍ ആശയ വിശദീകരണം നടത്തുന്നുണ്ട്; നടരാജഗുരു, തന്റെ ഗീതാവ്യാഖ്യാനത്തില്‍ ഈ ശ്ലോകങ്ങള്‍ക്ക് കൂടുതല്‍ ആഴവും പരപ്പും സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ എന്താണ് കര്‍മം എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണയില്‍ എത്തിച്ചേരുന്നതില്‍ പൂര്‍ത്തീകരണം ഉണ്ടായതായി തോന്നുന്നില്ല: രാമന്‍ രാവണനെ കൊന്നു. ഇതില്‍ കര്‍ത്താവ് രാമന്‍, കര്‍മം രാവണനെ. കൊന്നു, ക്രിയ: ''കര്‍മസാധനം'' - ഇങ്ങനെ വരുമ്പോള്‍ ഇതു ഗീതയിലേക്ക് അന്വയിച്ചാല്‍ ശ്രീകൃഷ്ണന്‍, അര്‍ജുനന് ഗീത ഉപദേശിച്ചു: ഇവിടെ അര്‍ജുനന്‍ കര്‍മമാണ്. എങ്ങനെ? ഈ ചോദ്യങ്ങള്‍ക്ക് പല വ്യാഖ്യാനങ്ങളും ഉത്തരം നല്‍കിയിട്ടുള്ളത് വേദാന്തത്തിന്റെ പരിവേഷം ചാര്‍ത്തിയാണ്.


എന്നാല്‍ മേല്‍പറഞ്ഞ ശ്ലോകങ്ങള്‍ക്ക് 6, 7, 8, 9 - വളരെ ആഴത്തിലുള്ള അര്‍ഥമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍, ധാത്വാര്‍ഥം, അക്ഷരാര്‍ഥം, ഭാവാര്‍ഥം, ധ്വന്യാര്‍ഥം (കാവ്യസ്യ ആത്മാധ്വനി) എന്നിങ്ങനെ വേര്‍തിരിച്ച് കൊടുത്തിട്ടുണ്ട്. 'നിയതം കുരു കര്‍മത്വം നിയതം കുരു, ത്വം, കര്‍മം നിയതം കുരു എന്നിങ്ങനെ നിയാമകമായി വ്യാഖ്യാനിച്ചിരിക്കുന്നു. 'അര്‍ജുനാ നീ സ്വധര്‍മം തിരിച്ചറിഞ്ഞ് നിനക്ക് നിശ്ചയിക്കപ്പെട്ട കര്‍മങ്ങള്‍ സദാ അനുഷ്ഠിച്ചാലും.'


കര്‍മകാണ്ഡത്തെക്കുറിച്ച് തികഞ്ഞ ദിശാബോധത്തോടുകൂടിയാണ് ആചാര്യശ്രീ രാജേഷ് ഈ ശ്ലോകത്തെ വ്യാഖ്യാനിച്ചിട്ടുള്ളത്. ആചാര്യ വിനോബാഭാവേയുടെ ഗീതാപ്രവചനത്തിലും കര്‍മഭാവത്തെ ഉദാത്തവല്‍കരിച്ചിട്ടുണ്ട്. 


വേദത്തില്‍ ആസ്തിക-നാസ്തികവിഭിന്നതയില്ല എന്ന് ആചാര്യശ്രീ അദ്ദേഹം എഴുതിയ ഗ്രന്ഥങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ട്. ചാര്‍വാകനെ മഹര്‍ഷിയായി ഭാരതം സ്വിതീകരിച്ചിട്ടുണ്ട്.
ആചാര്യശ്രീയുടെ ഭാഷ്യത്തിലെ ശ്രീകൃഷ്ണന്‍ യോഗേശ്വരനാണ്. എന്നാല്‍ 'യജ്ഞേശ്വരന്‍' കൂടി ആണ് എന്ന് അദ്ദേഹം സമര്‍ഥിച്ചിട്ടുണ്ട്. ആ സമര്‍ഥനം, അനേകം ഗ്രന്ഥങ്ങളിലൂടെ സഞ്ചരിച്ച്- അതില്‍നിന്നും ഉരുത്തിരിച്ചെടുത്തതിനുശേഷം മാത്രമാണ് എന്ന് അദ്ദേഹത്തിന്റെ ഗീതാഭാഷ്യത്തിലൂടെ നമുക്ക് മനസ്സിലാക്കാം.


ചരിത്രാതീത കാലത്ത് ഗുരുമുഖത്തുനിന്ന് നിര്‍ഗളിക്കുന്നത് ശിഷ്യമുഖം ഉള്‍ക്കൊള്ളുകമാത്രമാണ് ചെയ്തിരു
ന്നത്. പ്രസ്തുത വ്യാഖ്യാനം ഏതായിരിക്കാം? ഉത്തരം അത് വേദവാക്യമാണ്. ആയത്, യഥാര്‍ഥമാണ്. ''യഥാ തഥം ഇതി അര്‍ഥം, യഥാര്‍ഥം ഇത്യര്‍ഥ.' - യഥാതഥമായ അര്‍ഥത്തോടുകൂടിയ, എന്ന് വ്യാഖ്യാനം. അതല്ലെങ്കില്‍ യഥാതഥമായ അര്‍ഥത്തോടുകൂടിയ ഗീത ഏതോ അത്, എന്ന കര്‍മധാരയ സമാസത്തിലാണ് 'യഥാര്‍ഥ ഗീത' എന്ന ശീര്‍ഷവാക്യം വന്നു ഭവിച്ചത്. ആചാര്യശ്രീ ഉദ്ദേശിച്ചത് ഇതായിരിക്കണം: 'മനനേതി മനുഷ്യാ' - മനനം ചെയ്യാന്‍ കഴിവുള്ളവനാണ് മനുഷ്യന്‍. അങ്ങനെ മനനം ചെയ്ത്, ഒപ്പം ലിപിന്യാസം ചെയ്ത്, വ്യാഖ്യാനിച്ചതാണ് പ്രസ്തുത 'യഥാര്‍ഥ ഭഗവദ്ഗീത' എന്ന ഭാഷ്യം.


ആചാര്യശ്രീ വേദത്തിന്റെ ആഴക്കയങ്ങളില്‍ ഇറങ്ങി, അതില്‍നിന്നും തനിക്ക് കിട്ടിയ മുത്തുകള്‍ കോര്‍ത്തിണക്കിയിരിക്കുന്നു. ജനങ്ങളുടെ സര്‍വതോമുഖവും, സര്‍വതോ ഭദ്രവുമായ പുരോഗതിക്ക് വേദമാര്‍ഗമാണ് യഥാര്‍ഥപന്ഥാവ്. ആ പന്ഥാവിലൂടെ ചരിക്കുവാന്‍ പര്യാപ്തമാകുംവിധം, യാഥാര്‍ഥ്യങ്ങളെ മറനീക്കി രംഗത്തുകൊണ്ടുവന്ന തത്ത്വസംഹിതാ സമാഹാരമാണ് അദ്ദേഹത്തിന്റെ ഗീതാവ്യാഖ്യാനം.