വൈദിക ജീവനകല

വൈദിക ജീവനകല

സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ദൈനംദിന ജീവിതത്തില്‍ ധാരാളം പ്രതിസന്ധികള്‍ ഉണ്ട്. പല തരത്തിലുള്ള സമ്മർദങ്ങള്‍ അവരുടെ ജീവിതത്തെ വലയ്ക്കുന്നു. ജീവിതം തന്നെ ഒരു മത്സര ഓട്ടമായി മാറി ക്കൊണ്ടിരിക്കുന്ന ഈ ആധുനിക ഇന്റര്‍നെറ്റ് യുഗത്തില്‍  ജീവിതവിജയ ത്തിനുള്ള ബദല്‍ദര്‍ശനം എന്ന നിലയില്‍ സൃഷ്ടിയുടെ തുടക്കത്തിലുള്ളതും അതിനാല്‍ത്തന്നെ അതിപ്രാചീനവുമായ വേദങ്ങളുടെയും വേദമന്ത്രങ്ങളുടെയും പ്രസക്തി എന്താണ്? 


വേദങ്ങളില്‍ അനേക ജ്ഞാനമുണ്ട്. സര്‍വ ജ്ഞാനത്തിന്റെയും തുടക്കം വേദമാണ് എന്ന് മനുസ്മൃതി1 പറയുന്നു. വേദങ്ങളില്‍ ഭൗതികവും ആധ്യാത്മി കവും ദര്‍ശനപരവുമായ നിരവധി അറിവുകളുണ്ട്. അതില്‍ സാമ്പത്തിക ജ്ഞാനമുണ്ട്, കൗടും ബിക ജ്ഞാനമുണ്ട്, സാമൂഹിക ജ്ഞാനവു മുണ്ട്. എല്ലാ ജ്ഞാനവും വേദത്തിലുണ്ടെങ്കില്‍ വ്യക്തിഗതമായ ജീവിത വിജയത്തിനുള്ള സൂത്രവാ ക്യങ്ങളും അതിലുണ്ടെന്ന് നിസ്സംശയം പറയാം.

ഒരു മതത്തിന്റെയോ, ഒരു പ്രത്യേക വിഭാഗത്തിന്റെയോ കാഴ്ചപ്പാടുകളല്ല വേദങ്ങളിലുള്ളത്. വെള്ളത്തെപ്പോലെയും വായുവിനെപ്പോലെയും വെളിച്ചത്തെപ്പോലെയും എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് വേദം. വേദജ്ഞാനം സാര്‍വജനീനമായി എല്ലാവര്‍ക്കും ലഭിക്കണം. മതപരമായ ഗ്രന്ഥമായി വേദങ്ങളെ കാണണ്ടതില്ല. അങ്ങനെ കണ്ടാലും കുഴപ്പമില്ല. പക്ഷേ അതിനെക്കാള്‍ എത്രയോ വലുതാണ് വേദങ്ങളിലെ ജ്ഞാനം.

സ്തുതികളാല്‍ പുഷ്‌കലമാണ് വേദമന്ത്രങ്ങള്‍. 'സ്തുതി' എന്നതിനെ 'praise the lord' എന്നു പറയുന്നതുപോലെ കേവലം പുകഴ്ത്തുക (praise) എന്ന അര്‍ഥത്തിലല്ല എടുക്കേണ്ടത്. ഒരു മന്ത്രത്തില്‍ പറയുന്ന ദേവതയുടെ അല്ലെങ്കില്‍ ഒരു പ്രത്യേക കാര്യത്തിന്റെ ഗുണം, കര്‍മം, സ്വഭാവം ഇവ എന്തെന്ന് അറിഞ്ഞ് പറയുന്നതാണ് സ്തുതി. 

വേദങ്ങളിലെ അറിവിനെ വേണ്ട രീതിയില്‍ ഉപയോഗിക്കുന്നതിലൂടെ മാത്രം വലിയ തോതിലുള്ള ജീവിതവിജയം സാധാരണക്കാര്‍ക്ക് ഉണ്ടാക്കാന്‍ കഴിയുമെന്ന് പ്രാചീന ഭാരതത്തിന്റെ ചരിത്രം നമ്മോട് പറയുന്നു. ആ ചരിത്രം ദരിദ്രമായ ഒന്നല്ല. ദാരിദ്ര്യം എന്ന കാഴ്ചപ്പാട് നമുക്കില്ല. സംന്യാസമാര്‍ഗം പറയുന്ന ആളുകള്‍ പലപ്പോഴും പരാതിപ്പെടുന്നത് വേദം ഐഹികവും ലൗകികവുമായ കര്‍മങ്ങളുടെ വിചാരധാരയെന്നാണ്. എന്നാല്‍, ലൗകികജീവിതവും ഭൗതികജീവിതവും മാത്രമല്ല വേദങ്ങളിലുള്ളത്. കര്‍മകാണ്ഡപ്രധാനമായ യജുർ  ‍വേദത്തിന്റെ അവസാന അധ്യായമാണ് ഈശാവാസ്യ ഉപനിഷത്തെന്ന കാര്യം അറിയാത്തതുകൊണ്ടായിരിക്കാം ആളുകള്‍ അങ്ങനെ പറയുന്നത്. 

ധര്‍മ, അര്‍ഥ, കാമ, മോക്ഷം എന്ന സിദ്ധാന്തത്തെയാണ് വേദങ്ങള്‍ അവതരിപ്പിക്കുന്നത്. ഈ വാക്കുകളൊക്കെ കേള്‍ക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് ഭയമാണ്. വാക്കുകള്‍ പലപ്പോഴും നമ്മള്‍ ഏതെങ്കിലും മതത്തിനോ ഒരു പ്രത്യേക കാഴ്ചപ്പാടിനോ ചാര്‍ത്തിക്കൊടുത്തതാണ്. പക്ഷേ, അതിന്റെ യഥാര്‍ഥ അര്‍ഥത്തിലേക്ക് നമ്മള്‍ പലപ്പോഴും ഇറങ്ങിച്ചെല്ലാറില്ല.

വേദം ദൈനംദിന ജീവിതവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ്; ജനങ്ങള്‍ക്ക് വളരെയധികം ഉപകാരപ്പെടുന്നതുമാണ്. എന്നാല്‍, പല കാരണങ്ങള്‍കൊണ്ടും അത് സാര്‍വത്രികമായില്ല. വേദം വ്യാപകമായി സാധാരണ ജനങ്ങളിലേക്ക് എത്തിക്കാനാണ് കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങളായി ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കു ന്നത്.

വ്യക്തിത്വനിര്‍മാണത്തിനാണ് (character building) ഞാന്‍ കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നത്. വ്യക്തിത്വമില്ലാതെ ആര്‍ക്കും മുന്നോട്ടു പോകാനാവില്ല. വ്യക്തിത്വം ഇല്ലാത്ത ഒരാള്‍ എന്തു പഠിച്ചിട്ടും ഒരു കാര്യവുമില്ല. ഒരു വ്യക്തി മറ്റൊരു വ്യക്തിയോട് എങ്ങനെ പെരുമാറുന്നു,  അവനവനോട് എങ്ങനെ പെരുമാറുന്നു, സമൂഹത്തോട് എങ്ങനെ പ്രതികരിക്കുന്നു, രാഷ്ട്രത്തോട് എങ്ങനെ പ്രതികരിക്കുന്നു, ചുറ്റുപാടുമുള്ള മറ്റു ജീവജാലങ്ങളോടും പരിസ്ഥിതിയോടും എങ്ങനെ പ്രതികരിക്കുന്നു എന്നുള്ളതും വ്യക്തിത്വനിര്‍മാണത്തിലെ പ്രധാന ഘടകങ്ങളാണ്.

വാതിലുകളെല്ലാം തുറന്നിടൂ, നല്ല ആശയങ്ങള്‍ കടന്നു വരട്ടെ 

ജീവിതവിജയത്തിനുള്ള നിരവധി സൂത്രവാക്യങ്ങള്‍ വേദങ്ങളിലുണ്ട്. 'ആ നോ ഭദ്രാഃ ക്രതവോ...'2 എന്നു തുടങ്ങുന്ന ഒരു വേദമന്ത്രമുണ്ട്.  ആ മന്ത്രത്തില്‍ പറയുന്നത്, നമ്മുടെ എല്ലാ വാതിലുകളും മലര്‍ക്കെ തുറന്നിട്ടുകൊണ്ട് എല്ലാ നല്ല ആശയങ്ങളെയും സ്വീകരിക്കുകയും അങ്ങനെ സ്വയം മാറാന്‍ നമ്മള്‍  തയ്യാറാവുകയും ചെയ്യുക എന്നതാണ്. അത്തരത്തില്‍ എങ്ങനെയാണ് മാറാന്‍ സാധിക്കുക? ഒരു മനുഷ്യനും സ്വയം മോശമാകണമെന്ന് ആഗ്രഹിക്കുകയില്ല. എന്നാല്‍ നന്നാവാനുള്ള ഏറ്റവും പ്രധാനപ്പെട്ട വഴി എന്താണ്? നന്നാവാനുള്ള കുറുക്കുവഴികള്‍ ഇല്ല. അതിന് അധ്വാനിക്കുക എന്നതു മാത്രമാണ് മാര്‍ഗം. അതിനായി ബുദ്ധിയെ നമ്മള്‍ പരിവര്‍ത്തനം ചെയ്യേണ്ടതുണ്ട്.

ബുദ്ധിയെ പരിവര്‍ത്തനം ചെയ്യുന്നതിന് നമുക്ക് എന്താണ് ചെയ്യാന്‍ കഴിയുക? അതിന് ബുദ്ധികൊണ്ട് പ്രവര്‍ത്തിക്കുന്നവരുമായുള്ള ബന്ധങ്ങള്‍ വര്‍ധിപ്പിക്കണം. നമ്മുടെ ചുറ്റുപാടില്‍ ഒരു തിരഞ്ഞെടുപ്പിന് നാം തയ്യാറാകണം. നമ്മുടെ സുഹൃദ്‌വലയവും നമ്മള്‍ ബന്ധപ്പെടുന്ന ആളുകളുടെ വലയവും നന്നാക്കാന്‍ ശ്രമിക്കണം. 

ഒരു വ്യക്തി സ്വന്തം ജീവിതത്തില്‍ വിജയിക്കാനാഗ്രഹിക്കുന്നു എങ്കില്‍, വേദത്തിന് പ്രധാനമായി പറയാനുള്ളത്, നിങ്ങള്‍ ഭദ്രമായതിനെ സ്വീകരിക്കൂ, അഭദ്രമായതിനെ തള്ളിക്കളയൂ എന്നാണ്.



പോസിറ്റീവാകട്ടെ 
കാഴ്ചയും കേള്‍വിയും
'ഭദ്രം കര്‌ണേഭിഃ ശൃണുയാമ ദേവാഃ...'3 എന്നു തുടങ്ങുന്ന വേദമന്ത്രം വ്യക്തിത്വവികാസത്തിന്റെ (Personality Development) ഏറ്റവും ഗംഭീരമായ നിര്‍ദേശമുള്‍ക്കൊണ്ട ഒരു സൂത്രവാക്യമാണ്. നിങ്ങള്‍ കേള്‍ക്കുന്ന കാര്യങ്ങള്‍ ഭദ്രമുള്ളതായിരിക്കട്ടെ എന്നാണ് ഈ മന്ത്രത്തിന്റെ താത്പര്യം. 
നിങ്ങളെ പൂര്‍ണമായും നശിപ്പിക്കാവുന്ന ഒരാശയമെങ്കിലും ഓരോ ദിവസവും രാവിലെ നിങ്ങള്‍ക്ക് കേള്‍ക്കാം. നാം രാവിലെ വര്‍ത്തമാനപത്രത്തില്‍ ഏറ്റവും ചുരുങ്ങിയത് നിഷേധാത്മകമായ (negative) നാല് വാര്‍ത്തകളെങ്കിലും വായിക്കുന്നു. എല്ലാ ദിവസവും രാവിലെ നമ്മുടെ വീടുകളിലേക്കെത്തുന്നത് ഒരു കൂട്ടം വിചാരങ്ങളാണ്. ആ വിചാരധാരയുടെ സ്വാധീനവലയത്തില്‍ പെടാത നമുക്ക് സ്വയം എങ്ങനെ രക്ഷിക്കാനാകുമെന്നത് വലിയൊരു വെല്ലുവിളിയാണ്. ആധുനിക ജേണലിസ്റ്റുകളുടെ ഏറ്റവും പുതിയ വെല്ലുവിളി എങ്ങനെ പോസിറ്റീവ് വാര്‍ത്തകള്‍ സൃഷ്ടിക്കാം എന്നതാണ്. 
ഇന്നത്തെ ലോകത്തിന് ഏറ്റവും വലിയ ആശ്വാസം വേദമന്ത്രങ്ങളാണ്. ആധുനികലോകം അവ സ്വീകരിക്കുകയുമാണ്. ഈ മന്ത്രങ്ങള്‍ ചൊല്ലുമ്പോള്‍ ഒരാളുടെ ശരീരത്തിലും മനസ്സിലും ഒക്കെ മാറ്റം വരികയാണ്. 'ആ നോ ഭദ്രാഃ ക്രതവോ' എന്നത്, നിങ്ങള്‍ ഇന്നതു ചെയ്യൂ എന്ന ഒരു വിധി അല്ലെങ്കില്‍ നിര്‍ദേശമാണെങ്കില്‍, തുടര്‍ന്ന് പടിപടിയായി ചെയ്യേണ്ട കാര്യങ്ങളാണ് രണ്ടാമത്തെ മന്ത്ര
ത്തില്‍ പറയുന്നത്. അതായത് നിങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതും നല്ലതാവട്ടെ എന്ന്.
എങ്ങനെയാണ് നമ്മള്‍ കേള്‍ക്കുന്നതും കാണുന്നതും നല്ലതാകുന്നത്? അതിന് നമുക്ക് പോസിറ്റീവ് ആയ ഒരു ചിന്താപദ്ധതി (thinking process)  ആവശ്യമാണ്. നമുക്ക് എന്തിനെയും ശുഭോദര്‍ക്കമായും (positive) നിഷേധാത്മകമായും (negative)കാണാം.
വേദങ്ങള്‍ നമ്മെ പഠിപ്പിക്കുന്നതെന്താണ്? മന്ത്രജപം. എന്തിനാണ് മന്ത്രജപം? Cognitive Science പറയുന്നത്, നിങ്ങള്‍ എന്താണോ ചിന്തിക്കുന്നത് അതാണ് നിങ്ങള്‍ എന്നാണ്. എനിക്ക് നല്ലത് കാണാനാവട്ടെ, നല്ലത് കേള്‍ക്കാനാവട്ടെ എന്ന് നിരന്തരം ചിന്തിക്കുന്ന ഒരാളില്‍ നന്മ വന്ന് സ്വാഭാവികമായും നിറയും.
അത് വ്യക്തിനിര്‍മാണത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ആയുധമാണ്. എല്ലാം നെഗറ്റീവ് ആയി കാണുന്ന നിഷേധസ്വഭാവമുള്ള ആളുകളാണ് നമുക്ക് ചുറ്റുപാടുമുള്ളത്. ആ ചിന്താധാര നമ്മുടെ ചുറ്റുവട്ടത്തുമുണ്ട്. അതൊരു ഒഴുക്കാണ്. ആ ഒഴുക്കിനെതിരെ നീന്താന്‍ നമുക്കു കഴിയണം. ആ ഒഴുക്കിനെതിരെ നീന്തുമ്പോഴാണ് നമുക്ക് ജീവിതത്തില്‍ ആഘോഷിക്കാന്‍ എന്തെങ്കിലും  ഉണ്ട് എന്ന് കണ്ടെത്താന്‍ കഴിയുക. ആഘോഷിക്കാന്‍ ചിലതുണ്ട് എന്ന് കണ്ടെത്താനും അത് അഘോഷിക്കാനും നമുക്കാകണം. ജീവിതത്തില്‍ ആഘോഷിക്കാന്‍ ഒന്നുമില്ലെങ്കില്‍ പിന്നെ അതെന്തു ജീവിതമാണ്?
അതുകൊണ്ടാണ് വേദങ്ങള്‍ പറയുന്നത്, ചെറിയൊരു വിജയമായിരിക്കാം, ഓരോ നിമിഷവും ആ വിജയം നിങ്ങള്‍ ആഘോഷിക്കണം, അതില്‍ ആനന്ദിക്കണം. അതുകൊണ്ടാണ് വിവാഹവാര്‍ഷികം പോലുള്ള ചടങ്ങുകള്‍ ആഘോഷിക്കുന്നത്. ഭഗവാന്‍ തന്നതാണല്ലോ ഈ ഒരു അവസരം. ആ ഈശ്വരനെ സ്മരിച്ചുകൊണ്ട്  ആ അവസരത്തെ ആഘോഷപൂര്‍വം കൊണ്ടാടുന്നു. അവിടെ നിങ്ങള്‍ അര്‍ഥവത്തായ വേദമന്ത്രങ്ങള്‍ വീണ്ടും വീണ്ടും ചൊല്ലുന്നു. ചൊല്ലിക്കഴിയുമ്പോള്‍ അതിന്റെ അര്‍ഥമെന്താണ്,  അതിന്റെ സ്വഭാവമെന്താണ്, അത് സൂചിപ്പിക്കുന്ന കര്‍മമെന്താണ് എന്ന് തിരിച്ചറിഞ്ഞ് അത് ജീവിതത്തില്‍ പകര്‍ത്തണം. അല്ലാതെ കേവലം ഒരു ആചാരമായിമാത്രം കണ്ടാല്‍, ഇതും കേവലം മറ്റൊരു ആചാരമായി മാറും. വേദാചാരം എന്നു പേരായ മറ്റൊരു ആചാരമുണ്ടാകും. കുറച്ചുകഴിയുമ്പോള്‍ അതില്‍ താല്പര്യം നഷ്ടപ്പെടും.  സ്വാഭാവികമായും  അത് ഉപേക്ഷിക്കുകയും ചെയ്യും. 

സമ്മര്‍ദമില്ലാത്ത ജീവിതം
പലതരത്തിലുള്ള അന്ധവിശ്വാസങ്ങളുടെയോ അല്ലെങ്കില്‍ എനിക്ക് അതു കിട്ടണം, ഇതു കിട്ടണം തുടങ്ങിയ മുന്‍വിധിയോടെയോ ആയിരിക്കും പലരും ഇത്തരം കാര്യങ്ങളിലേക്ക് കടന്നുവരുന്നത്. അവര്‍ വൈദിക ആചരണങ്ങള്‍ പഠിച്ച് കുറച്ചുകാലമൊക്കെ പിന്‍തുടരും. പിന്നെ ഉപേക്ഷിച്ചാലും ശാന്തമായൊരു ജലാശയത്തിലേക്ക് ഒരു കല്ലിട്ടാല്‍ എങ്ങനെയാണോ ഓളങ്ങള്‍ ഉണ്ടാകുന്നത് അതുപോലെ ആദ്യം ചെയ്തതിന്റെ അലയൊലികള്‍ അവശേഷിക്കും. ആ ഓളങ്ങള്‍ തീരത്ത് തട്ടും, തിരിച്ച് വരും. കുറച്ചുകാലം അങ്ങനെയൊക്കെ ഉണ്ടാകും. കര്‍മഫലം കുറച്ചുകാലം തീര്‍ച്ചയായും ലഭിക്കും. പക്ഷേ, മനോഭാവമാണ് പ്രധാനം. പോസിറ്റീവ് ആയ ഒരു മനോഭാവം ഉണ്ടാകണമെന്ന് വേദം പറയുന്നു. മന്ത്രം തുടരുന്നു, ''സ്ഥിരൈരങ്‌ഗൈസ്തുഷ്ടുവാങ്‌സസ്തനൂഭിഃ'' എന്ന്. അതായത്, നമ്മുടെ ശരീരത്തിനും അങ്ഗങ്ങള്‍ക്കും  ബലമുണ്ടാകണം. ശരീരത്തിലെ അങ്ഗങ്ങള്‍ക്ക് ബലമില്ലാത്തിടത്തോളം ഒരാള്‍ക്ക് നല്ല കാര്യങ്ങള്‍ സ്വീകരിക്കാനുള്ള മാനസികാവസ്ഥ ഉണ്ടാകില്ല. ശരീരത്തിന് ആരോഗ്യമില്ലാത്തവര്‍ക്ക് മനസിനും രോഗം വരും. 
ശരീരത്തിലെ അങ്ഗങ്ങള്‍ക്ക് ശാന്തിയുണ്ടാകാന്‍ 'ദ്യൗ ഃ   ശാന്തിരന്തരിക്ഷങ് ശാന്തിഃ...'4 എന്നു തുടങ്ങുന്ന വേദമന്ത്രം ചൊല്ലും.  
ദ്യൗ ഃ ശാന്തിരന്തരിക്ഷങ് ശാന്തിഃ - അന്തരീക്ഷലോകമെന്ന മാനസികതലത്തിന് ശാന്തിയുണ്ടാകട്ടെ, പൃഥിവീ ശാന്തിഃ - പൃഥിവീലോകമായ ശരീരത്തിന് ശാന്തിയുണ്ടാകട്ടെ, ആപഃ ശാന്തിഃ - ശരീരത്തിലെ രക്തം, മാംസം എന്നിവയ്ക്ക് ശാന്തിയുണ്ടാകട്ടെ, ഓഷധയഃ ശാന്തിഃ - ശരീരത്തിലെ ശുക്ലം, രജസ്സ്് തുടങ്ങിയ വസ്തുക്കള്‍ക്ക് ശാന്തിയുണ്ടാകട്ടെ,  വനസ്പതയഃ ശാന്തിഃ - ശരീരത്തിലെ രോമകൂപാദികള്‍ക്ക് ശാന്തിയുണ്ടാകട്ടെ, വിശ്വേദേവാഃ ശാന്തിഃ -  ശരീരത്തിലെ സമസ്ത ദേവതകള്‍ക്കും ശാന്തിയുണ്ടാകട്ടെ; കണ്ണ്, മൂക്ക്, ചെവി, ത്വക്ക് തുടങ്ങി എല്ലാ ദേവതകള്‍ക്കും ശാന്തിയുണ്ടാകട്ടെ. നമ്മുടെ മനസ്സിന്റെ ശാന്തി തന്നെ ഒരു ശാന്തിയായിത്തീരട്ടെ.
സമ്മര്‍ദമില്ലാത്ത ജീവിതം (Tension free life) എന്നത് ഇന്നത്തെ കാലഘട്ടത്തെ സംബന്ധിച്ചിടത്തോളം വലിയൊരു സന്ദേശമാണ്. ഒരു മന്ത്രത്തിനകത്തേക്ക് അതിനെ സന്നിവേശിപ്പിച്ച് ഒരു പാക്കേജ്  ആയി നമുക്ക് തന്നിരിക്കുകയാണ്.
നിങ്ങള്‍ വേദം പഠിക്കണം. കാരണം നിങ്ങളുടെ സമസ്ത പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം വേദത്തിലുണ്ട്. ഈ ലോകം ഉണ്ടായപ്പോള്‍ അത് എങ്ങനെ മുന്നോട്ടു പോകണമെന്നു നിര്‍ദേശിച്ച ഒരു മാന്വല്‍ ആണ് വേദം. അത് നിര്‍ദേശങ്ങളുടെ ഒരു കൂമ്പാരമാണ്. അതിനകത്ത് മോക്ഷവിധാനമുള്‍പ്പെടെയുള്ള എല്ലാമുണ്ട്. എങ്കിലും മോക്ഷത്തിലേക്ക് ഒരാള്‍ക്ക് എത്തണമെങ്കില്‍ ആദ്യം അയാള്‍ ഒരു സാധാരണ മനുഷ്യനാവേണ്ട ആവശ്യമുണ്ട്. വേദം ആഹ്വാനം ചെയ്യുന്നു, 'മനുര്ഭവ'- എന്നുവെച്ചാല്‍ മനുഷ്യനാവുക. കാരണം നമ്മുടെ മനസ്സിനകത്ത് പലതരത്തിലുള്ള ചിന്തകളും വിചാരങ്ങളും വികാരങ്ങളുമൊക്കെയുണ്ട്. 
നമ്മള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും, പൂര്‍വജന്മത്തിന്റെ സ്മൃതികളില്‍, ''ഈച്ച ചത്തൊരു പൂച്ചയാകുന്നു ഈശ്വരന്റെ വിലാസങ്ങളിങ്ങനെ'' എന്നു പറഞ്ഞ ജീവാത്മാവിനെ സംബന്ധിച്ചും ഇതേ പോലുള്ള പരിണാമത്തിന്റെ ഒരു ലോകമുണ്ട്. ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തെ പൂര്‍ണ
മായി തള്ളിക്കളയുകയോ പൂര്‍ണമായി സ്വീകരിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. ഈ ശരീരത്തിനകത്ത് ഒരു പരിണാമമുണ്ടെങ്കില്‍ ജീവാത്മാവിന്റെ സംസ്‌കാരത്തിനും ദീര്‍ഘകാലംകൊണ്ട് ഒരു പരിണാമം ഉണ്ടായിട്ടുണ്ട്. അത് പല പല ജീവജാലങ്ങളിലൂടെയാണ് സംഭവിച്ചിട്ടുള്ളത്. ആ ജീവജാലങ്ങളുടെയൊക്കെ മനോഭാവം നമ്മുടെ ഉള്ളിലുണ്ട്. അതുകൊണ്ടാണ് വേദത്തില്‍ അതിമനോഹരമായി പറഞ്ഞിട്ടുള്ളത്:

മനുഷ്യനാകൂ!
''ഓം ഉലൂകയാതും ശുശുലൂകയാതും
ജഹി ശ്വയാതുമുത കോകയാതുമ്.
സുപര്‍ണയാതുമുത ഗൃധ്രയാതും
ദൃഷദേവ പ്രമൃണ രക്ഷ ഇന്ദ്ര.''
ഋഗ്വേദത്തിലും (7.104.22) അഥര്‍വവേദത്തിലും (8.4.22) ഒരുപോലെ കടന്നുവരുന്ന ഈ മന്ത്രത്തില്‍ ഐശ്വര്യം ആഗ്രഹിക്കുന്ന ജീവാത്മാവിനോട്  ആറു രാക്ഷസന്‍മാരെ നശിപ്പിക്കണമെന്ന് പറയുന്നു. ഉലൂകയാതും (മൂങ്ങയെപ്പോലെ ബുദ്ധിശൂന്യമായി പ്രവര്‍ത്തിക്കുക), ശുശുലൂകയാതും (ചെന്നായയെപ്പോലെ ക്രൂരമായി പ്രവര്‍ത്തിക്കുക), ശ്വയാതും (പട്ടിയെപ്പോലെ അന്യോന്യം മത്സരിക്കുകയും അന്യന്റെ മുമ്പില്‍ വാലാട്ടുകയും ചെയ്യുക), കോകയാതും (ചക്രവാകപ്പക്ഷിയെപ്പോലെ കാമത്തോടെ പെരുമാറുക), സുപര്‍ണയാതും (ഗരുഡനെപ്പോലെ ഗര്‍വോടും അഹങ്കാരത്തോടും ജീവിക്കുക), ഉത ഗൃധ്രയാതും (കഴുകനെപ്പോലെ അന്യന്റെ ശവംകൊണ്ട് ജീവിക്കുക) എന്നീ അവസ്ഥകളാണ് ഈ രാക്ഷസന്‍മാര്‍. ഈ ആറു രാക്ഷസരാണ് ആധുനിക ലോകത്തിന്റെയും ശത്രുക്കള്‍. ഇവ നമ്മെ കീഴടക്കാതിരിക്കാന്‍ കൂടെക്കൂടെ ശ്രദ്ധിച്ചുകൊണ്ടിരിക്കണം.  നമ്മുടെ ഉള്ളില്‍ ഈ ജന്തുക്കളൊക്കെയുണ്ട്. ആ ജന്തുത്വത്തെ മറികടന്ന് ജീവിതത്തില്‍ വിജയിക്കാനുള്ള ഒരു സൂത്രവാക്യമാണ് യഥാര്‍ഥത്തില്‍ ബ്രഹ്മയജ്ഞം.